Thursday, June 18, 2009

എന്റെ ഗ്രാമത്തിന്റെ ഓർമകൾ



ഇന്നലെ പ്രണയിനിയുമായി പ്രണയലേഖനങ്ങൾ കയ്മാറി കൊണ്ടിരിക്കുമ്പോൾ അവൾ മൊഴിഞ്ഞു " സഞ്ചു ഏട്ടാ ദേ എനിക്കു കോലായിൽ ഇരുന്നാൽ ഒലിച്ചിയിൽ വെള്ളം ചാടണ കാണാട്ടോ". പണ്ട്‌ നളനും ദമയന്തിയും അരയന്നത്തിനെ ദൂതുമായി അയച്ചിരുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ. ആ പണിയെല്ലാം ഇപ്പോൾ വടാ ഫോൺ, എയർ ടെൽ തുടങ്ങിയ മൽട്ടി നേഷണൽ കമ്പനികളാണ്‌ ഏറ്റെടുത്തിരിക്കുന്നത്‌. അതൊകൊണ്ട്‌ നമ്മൾ അയക്കുന്ന ലേഖനങ്ങളെല്ലാം ഒരു നിമിഷാർദ്ദം കൊണ്ട്‌ യഥാർത്ത ആളുടെ കയ്യിൽ വളരെ ഉത്തരവാധിത്വത്തോടെ അവർ എത്തിക്കും. അല്ലെങ്കിൽ കടലിനിക്കരെ ആറായിരത്തോളം കിലോമീറ്റർ ദൂരെ ഇരിക്കുന്ന എന്റേം ഗ്രാമത്തിലിരിക്കുന്ന അവളുടേം അവസ്ഥ ഒന്നു ആലോചിച്ചു നോക്ക്യേ?.
ഒലിച്ചി ഞങ്ങളുടെ ഗ്രാമത്തിന്റെ പടിഞ്ഞാറു വശത്തുള്ള കുന്നിൻ മുകളിലെ വെള്ളച്ചാട്ടമാണ്‌. വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ നടന്നാൽ കാട്ടിൽ എത്താം. കരിമ്പാറ കൂട്ടങ്ങളും ഇടതൂർന്നു നിൽക്കുന്ന അക്കേഷ്യാ മരങ്ങളും പൊന്തക്കാടുകളും നിറഞ്ഞ ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ഈ കുന്നിനെ ഞങ്ങൾ മയിലാടി എന്നാണ്‌ വിളിക്കുക. മഴപെയ്യാറാവുമ്പോൾ പീലി വിരിച്ച്‌ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ആനന്ദനൃത്തം ചെയ്യുന്ന ആൺ മയിലുകളേയും അവയുടെ പീലികളിൽ നിന്നു തെറിച്ചു വീഴുന്ന ശൽഖങ്ങൾ കൊത്തി വിഴുങ്ങാൻ ചുറ്റും നിൽക്കുന്ന പെൺ മയിലുകളേയും ഈ കുന്നിൻ മുകളിൽ ധാരാളമായി കാണാം. അതുകൊണ്ടാകാം മയിലാടി എന്ന് ഇതിനെ വിളിക്കാൻ തുടങ്ങിയത്‌. തെക്കു വശത്തായി കുന്നിൻ മുകളിൽ നിന്നും കരിമ്പാറകളെ തഴുകി തലോടി വന്നു ഒരു ചെറിയ കുഴിയിൽ പതിക്കുന്ന ചേല എന്നു വിളിക്കുന്ന കാട്ടരുവി കാണാം. കാടിന്റെ തെക്കു ഭാഗത്തേക്ക്‌ മേയാൻ പോകുന്ന ആട്ടിൻ പറ്റങ്ങളും പശുക്കളും ഇവിടെ നിന്നാണു വെള്ളം കുടിക്കാറ്‌. നിർഭയരായ്‌ നീരാട്ടു നടത്തുന്ന പോത്തിൻ കൂട്ടങ്ങളേയും മിക്കവാറും ഈ കുഴിയിൽ കാണാം. മയിലാടിയുടെ നെറുകയിൽ കരിമ്പാറകൾക്കു നടുക്കായി വർഷം മുഴുവൻ ഉറവ വറ്റാതെ നിറഞ്ഞു നിൽക്കുന്ന ഒരു പാറക്കുണ്ട്‌ കാണാം. "കഴു" വെള്ളം കുടിക്കുന്ന പാറ എന്നാ അതിനെ വിളിക്കുക. കാട്ടിലെ കഴുകനും പരുന്തുമെല്ലാം ദാഹശമനത്തിനായി ഈ ഉറവയെയാണ്‌ ആശ്രയിക്കുന്നത്‌. കുന്നിൻ ചെരുവിൽനിന്നും വടക്കു വശത്തേക്ക്‌ മലയെ ചുറ്റി മുകളിലേക്കു പോകുന്ന കാനന പാതയിലൂടെ നേരെ നടന്നാൽ പാറക്കുണ്ടു, ചവിട്ടുകല്ലു പാറ എന്നീ സ്ഥലങ്ങൾ കഴിഞ്ഞ്‌ ഒലിച്ചിയുടെ മുകളിൽ എത്താം. മയിലാടിയും മറ്റു രണ്ടു മലകളും തമ്മിൽ യോജിക്കുന്ന കണ്ടഞ്ചിറ എന്ന വന പ്രദേശത്തുനിന്നുമാണു ഒലിച്ചിയുടെ ഉത്ഭവം. കാട്ടിലെ നീരുറവകളിൽ നിന്നുള്ള ഈ വെള്ളം രണ്ടു മലകൾക്കിടയിലൂടെ കിഴക്കോട്ടൊഴുകി വലിയ പാറകെട്ടുകൾക്കു മുകളിൽ നിന്നും ഏകദേശം 6 മീറ്ററോളം കുത്തനെ താഴേക്കു പതിക്കുന്നതാണു ഒലിച്ചിയുടെ ഒന്നാം ഘട്ടം. അവിടുന്നു ചെങ്കൂത്തായി വീണ്ടും 10 മീറ്ററോളം താഴെക്കൊഴുകിയ ശേഷം പാറകളിൽ തല്ലി പതഞ്ഞ്‌ കാട്ടരുവിയായി ഒഴുകി താഴെയുള്ള വയലുകളിലേക്കു പോകുന്നു.
ഓണക്കാലമായാൽ കാടിന്റെ മുഖഛായ പാടെ മാറും. അക്കേഷ്യാ മരങ്ങളെല്ലാം പൂത്തുലഞ്ഞു നിറയുന്നതോടൊപ്പം കുടക്കമ്മലിനെ അനുസ്മരിപ്പിക്കുന്ന ചുവന്ന തെവിടിച്ചി പൂക്കളും പൊന്തക്കാടൂകളിൽ നിന്നു ഉയർന്നു വന്നു നിൽക്കുന്നുണ്ടാകും. മഞ്ഞ പുതപ്പിട്ടു നിൽക്കുന്ന മലനിരകളിൽ അങ്ങിങ്ങു വാരിവിതറിയ പോലെ കാണുന്ന ചുവന്ന പൂമരങ്ങളും അതിനിടയിലൂടെ ആർത്തലച്ചു പതിക്കുന്ന ഒലിച്ചിയും നൽകുന്ന വിദൂര ദൃശ്യം വർണ്ണിക്കാൻ പറ്റാത്ത ഒരു അനുഭൂതി തന്നെയാണ്‌. ഓണക്കാലത്ത്‌ ഞങ്ങളുടെ പാദസ്പർശമേൽക്കാത്ത ഒരിടവും ആ കാട്ടിൽ ഉണ്ടാവില്ല. തേക്കിലയും പൊടുണ്ണി ഇലയും കുമ്പിൾ കുത്തി അതുമായി വൈകും നേരങ്ങളിൽ പൂക്കൾ ശേഖരിക്കാൻ ഞങ്ങൾ കുട്ടികളുടെ ഒരു പട തന്നെ കാട്ടിലേക്കു പോകും. പൂച്ചെടികളിൽ നിന്നും കുറ്റിച്ചെടികളിൽ നിന്നും പൂക്കൾ ഇറുക്കുന്നത്‌ പെൺകുട്ടികളുടെ പണിയാണ്‌. വലിയ മരങ്ങളിൽ നിന്നും പൂക്കൾ ഇറുക്കുന്നത്‌ ഞങ്ങളാണ്‌. അതി സാഹസികമായി അക്കേഷ്യകളുടേയും പൂമരങ്ങളുടേയും തുഞ്ചത്തു വരെ കയറി പൂക്കളിറുത്ത്‌ പുളിയനുറുമ്പുകളുടെ കടിയും കൊണ്ട്‌ ഉണക്ക കമ്പു കൊണ്ടു ടേഹത്തു മുഴുവൻ പോറലുകളുമായി വിജയശ്രീലാളിതനായി താഴെ ഇറങ്ങി വന്നു ആ പൂക്കൾ തരുണീ മണികൾക്കു കൈമാറുമ്പോൾ, സന്തോഷം കൊണ്ടു തിളങ്ങുന്ന കണ്ണുകളോടെ അവർ ഞങ്ങളെ നോക്കി ചിരിക്കും. ഹൊ! ലോകം മുഴുവൻ കീഴടക്കിയ സന്തോഷമായിരിക്കും ഞങ്ങൾക്കപ്പോൾ.
ഗ്രാമത്തിന്റെ മനോഹാരിത ആസ്വതിക്കണമെങ്കിൽ പ്രഭാതത്തിൽ മയിലാടിയിലെ പാറകൂട്ടങ്ങളിൽ ചെന്നിരുന്നാൽ മതി. മഞ്ഞുകാലത്തെ പ്രഭാതങ്ങൾ തരുന്ന കാഴ്ച്ചകൾ ഒന്നു വേറെത്തന്നെയാണ്‌. മഞ്ഞണിഞ്ഞു നിൽക്കുന്ന മലനിരകളും, അവ്യക്തമായി കാണുന്ന വയലുകളും, മഞ്ഞിനെ തുളച്ചിറങ്ങുന്ന സൂര്യ രശ്മികളേറ്റ്‌ വെട്ടി തിളങ്ങുന്ന കൊച്ചു കൊച്ചു ജലാശയങ്ങളും ഗ്രാമ വീഥികളിലൂടെ അങ്ങിങ്ങായി പായുന്ന വാഹനങ്ങളും വയൽ വരമ്പിലൂടെ വരിവരിയായി നീങ്ങുന്ന പണിക്കാരേയും കാടിനെ ലക്ഷ്യം വച്ചു വരുന്ന കന്നിൻ കൂട്ടങ്ങളേയുമെല്ലാം ഇവിടെയിരുന്നാൽ കണാം. കാടിനെ മൊത്തം തഴുകി വരുന്ന സുഗന്ധ പൂരിതമായ ഇളം കാറ്റേറ്റ്‌ നയന മനോഹരങ്ങളായ ഈ കാഴ്ചകൾ കണ്ടു, ഒലിച്ചിയിലെ ജലപ്രവാഹം നൽകുന്ന ഇരമ്പിച്ചയും പക്ഷികളുടെ പാട്ടും കേട്ട്‌ ആ പാറക്കൂട്ടങ്ങൾക്കു മുകളിൽ കിടക്കുന്നത്‌ എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. വയലുകൾക്കുമപ്പുറം തെങ്ങിൻ തോപ്പും വലിയ മാവുമരങ്ങളും കഴിഞ്ഞ്‌ കരിമ്പന കൂട്ടങ്ങൾക്കും റബർ മരങ്ങൾക്കും ഇടക്ക്‌ ഓടുമേഞ്ഞ ഒരു കൊച്ചു വീടും അതിന്റെ ഉമ്മറത്ത്‌ ചുവന്ന ഉടുപ്പിട്ട്‌ ആരോ ഇരിക്കുന്നതും ഒരു പൊട്ടു പോലെ ഈ പാറകൂട്ടങ്ങളിൽ ഇരുന്നൽ എനിക്കു കാണാം. അതെ... അതെന്റെ ജീവിത കഥയിലെ നായികയാണ്‌. ഒരു പക്ഷേ അവളെ പ്രണയിക്കുന്നതിനു എത്രയോ മുൻപു തന്നെ ഞാൻ ആ റബർ മരങ്ങളേയും കരിമ്പന കൂട്ടങ്ങളെയും ആ കൊച്ചു വീടിനേയും പ്രണയിച്ചു തുടങ്ങിയിരിക്കാം കാരണം അവയെല്ലം എനിക്കെന്നും ആനന്ദ ദായകങ്ങളായ കാഴ്ചകൾ ആയിരുന്നു.
അർത്തത്തിനായുള്ള ഈ അനർത്ഥമായ പ്രവാസ ജീവിതത്തിനിടക്ക്‌ ഗ്രാമം തരുന്ന നിത്യഹരിത സ്മരണകൾ ജീവിക്കാനുള്ള ഒരു പ്രേരണ തന്നെയാണ്‌.
"തിരികെ മടങ്ങുവാൻ തീരത്തണയുവാൻ ഞാനും കൊതിച്ചു പോകുന്നു....
വെറുതെ ഞാനും കൊതിച്ചു പോകുന്നു...."

Monday, June 15, 2009

എന്റെ ഗ്രാമം

എന്റെ ഗ്രാമം
മഴക്കാലം
നാട്ടിലുള്ള സുഹൃത്തുമായി ചാറ്റ്‌ ചെയ്തു കൊണ്ടിരിക്കുമ്പൊഴാണറിയുന്നത്‌ നാട്ടിൽ നല്ല മഴയാണെന്ന്‌. മഴയെന്നു കേട്ടപോൾ അറിയാതെ ഞാൻ എന്റെ നാട്ടിലേക്കൊന്നു പൊയി. മഴ എന്നും ഒരു ഹരം തന്നെയാണ്‌. കുട്ടിക്കാലത്തു മഴ തുടങ്ങിയാൽ ഞങ്ങൾ ആദ്യം ഓടുന്നതു കുളകരകളിലേക്കാണു. ഗ്രാമത്തിൽ ചെറുതും വലുതുമായി ഒരു പാടു കുളങ്ങൾ ഉണ്ട്‌. കരിങ്കറ, പൂള (പഞ്ഞി മരം) കുഴി, ഉണ്ണിയേട്ടന്റ കുളം, ഭരതേട്ടന്റെ കുളം, പുത്തൻ കുളം, മഞ്ഞച്ചിറ കുളം, കോഴിയൊട്ടു കുളം, അങ്ങിനെ പരിസര പ്രദേശത്തുള കുളങ്ങൾക്കു തന്നെ ഉടമസ്തരുടെയും പ്രത്യേകതകളുടെയും അടിസ്ഥാനത്തിൽ ഓരോ പേരുകൾ പണ്ടു മുതൽക്കേ ഉണ്ട്‌. ഇതിലെ ഒട്ടുമിക്ക കുളങ്ങളും നെൽ വയലുകളോടു ചേർന്നാണു ഉള്ളത്‌. മഴ തുടങ്ങിയാൽ ഓരോ കുള കരയിലും ചെന്നു വെള്ളം എത്ര മാത്രം ഉയർന്നു വന്നിട്ടുണ്ടു എന്നു നോക്കും കാരണം കുളങ്ങൽ നിറഞ്ഞു പുറത്തേക്കൊഴുകാൻ തുടങ്ങീട്ടു വേണം ഞങ്ങൾക്കതിൽ ചാടി തിമിർക്കാൻ. കുളം നിറഞ്ഞൊഴുകുന്നതിനു മുൻപ്‌ അതിൽ കുളിക്കണ കണ്ടാ കാർന്നവൻ മാരു വഴക്കു പറയും, ആ സമയത്തു വെള്ളത്തിനു കട്ടി കൂടുതലായിരിക്കുമത്രെ. അതോണ്ടു അസുഖങ്ങൽ വരും എന്നാ വിശ്വാസം.ജല നിരപ്പു ഉയർന്നു തുടങ്ങിയാൽ മ്പ്രാലു്, കടു, വെട്ടാരൽ തുടങ്ങിയ വലിയ മീനുകൾ സുഷുപ്തിയിൽ നിന്നുണർന്നു വെളിയിൽ വരാൻ തുടങ്ങും. നിശബ്ദമായി ജലോപരിതലത്തിൽ വന്നു ശ്വാസമെടുത്തു പിന്നെ വലിയ ശബ്ദമുണ്ടാക്കി വെള്ളത്തിനടിയിലേക്ക്‌ ഊളിയിട്ടു പോവുന്ന വരാലും മൊയ്യും, വെള്ളത്തിൽ അമിട്ടു പൊട്ടിവിരിയുന്ന പോലെ ഓടിക്കളിക്കുന്ന സ്വർണ്ണ നിറമാർന്ന നൂറുകണക്കിനു വരാലിൻ കുഞ്ഞുങ്ങളും പുതുതായ്‌ പാറ്റി പുത്തു വന്ന പരൽ കുഞ്ഞുങ്ങളും ഇവയെ ലക്ഷ്യമിട്ടു കുളക്കരയിലെ മരക്കൊമ്പുകളിൽ തപസ്സിരിക്കുന്ന പൊന്മാനുകളും പൊത്തുകളിൽ നിന്നു തല മാത്രം പുറത്തേക്കിട്ടു കിടക്കുന്ന നീർക്കോലി കൂട്ടങ്ങളും മണിക്കൂറിൽ ഒന്നോ രണ്ടോ തവണ മാത്രം ജലോപരിതലത്തിൽ സന്ദർശനം നടത്തി വെപ്രാളത്തോടെ അടിയിലേക്കു പോകുന്ന കാരാമ കുഞ്ഞുങ്ങളും തങ്ങളുടെ സാനിധ്യം അറിയിച്ചു ഇടക്കിടക്ക്‌ പൊന്തിവരുന്ന പോക്കാച്ചി തവളകളും, ഇതിനെല്ലാം അകമ്പടിയായുള്ള ചാറ്റൽ മഴയും, എല്ലാം കൂടെ മഴക്കാലത്തു കുളവക്കത്തു പോയിരിക്കുന്നതു ഒരു വല്ലാത്ത അനുഭവം തന്നെയാണ്‌. മഴയുടെ ശക്തി കൂടി കുളങ്ങളിലെ വെള്ളം വയലിലേക്ക്‌ ഒഴുകാൻ തുടങ്ങുന്ന ദിവസം രാത്രിയിൽ ഞങ്ങൾക്കു ഉത്സവമാണ്‌. രാത്രി ഒരു എട്ടുമണി ആവുന്നതോടെ ഞങ്ങടെ ചേട്ടന്മാരുടെ സംഘം പെട്ട്രോ മാക്സ്‌, എമെർജൻസി ലാമ്പ്‌, ടോർച്ചുകൾ, വെട്ടരിവാൾ, കുത്തു കമ്പി, ചാക്ക്‌ തുടങ്ങിയ മാരകായുധങ്ങളുമായി വയലുകളിലേക്കിറങ്ങും. ഒന്നോ രണ്ടൊ ഗ്ലാസ്‌ വാറ്റു ചാരായവും അടിച്ചു എല്ലരും ഒരു ഉന്മാദ അവസ്ഥയിലായിരിക്കും ഉണ്ടാവുക. കൂടെ ചെല്ലാൻ അനുവതിക്കില്ല എങ്കിലും ഇവരുടെ ലീലാവിലാസങ്ങൾ കാണാൻ ഞങ്ങൾ പമ്മി പമ്മി അവരുടെ പിറകെ കൂടും. വയലിൽ എത്തിയാൽ പിന്നെ ഒരു ആരവമാണ്‌. രാത്രിയായാൽ കുളങ്ങളിൽ നിന്നു വലിയമീനുകൾ ഒഴുക്കിലൂടെ വയലിലേക്കു കയറാൻ തുടങ്ങും. അത്‌ സ്കൂൾ വിട്ടു കുട്ടികൾ പോണ പോലെ ആണ്‌. ഒരു കൂട്ടത്തിനു പിറകെ മറ്റൊരു കൂട്ടമായി വയലിലേക്കു കേറികൊണ്ടിരിക്കും. അവർ മീനുകളുടെ പിറകുവശത്തുകൂടെ ചെന്നു അരിവാൾ കൊണ്ടു വെട്ടിയോ കമ്പി കൊണ്ടു കുത്തിയോ ചാക്കിലേക്കു ഓരൊന്നിനെയായി എടുത്തിടും. അതിനു പ്രത്യേക വശം ഒക്കെ വേണം ഇല്ലെങ്കിൽ വെട്ടു കാലിൽ കൊള്ളും. അതുപോലെത്തന്നെ വലിയ വെള്ളത്തവളകളേയും, അവയുടെ മുഖത്തേക്കു ടോർച്ച്‌ അടിച്ചു ശ്രദ്ധതിരിപ്പിച്‌ പുറകിലൂടെ ചെന്നു പിടികൂടും. ഇതിനെല്ലാം പ്രഗൽഭരായ, ശിവേട്ടെൻ, ശങ്കരേട്ടൻ, ഷാജേട്ടൻ, ജയേട്ടൻ എന്നിവരെല്ലാം ഈ കൂട്ടത്തിൽ ഉണ്ട്‌. ഇവരുടെ വെടിപറച്ചിലും പോയ വർഷത്തെ അനുഭവ കഥകളും തമാശകളും എല്ലമായി മീൻ പിടുത്തം പാതിരാത്രി വരെ നീളും. പിന്നെ ചാക്കുമെടുത്തു എല്ലവരും കൂടെ അതിൽ ഒരാളുടെ വീട്ടിലേക്കു പോകും. പിന്നെ കൂട്ടാൻ വയ്പ്പും കള്ളൊഴിച്ചു വാറ്റി എടുത്ത നാടൻ ചാരായം അടിചുള്ള നാടൻ പാട്ടുകളും നൃത്തവും ഒക്കെയായി പുലരുവോളം ആഘോഷം തന്നെയാണ്‌. വയലിൽ നിന്നു കയറിയാൽ പിന്നെ സന്തോഷമെല്ലാം പമ്പ കടക്കും കാരണം കുറച്ചപ്പുറത്തുള്ള
പ്രമോദേട്ടന്റെ വീട്ടിലേക്കു സിനിമ കാണാൻ പോകുകയാണെന്നു പറഞ്ഞാണു വീട്ടിൽ നിന്നു മുങ്ങുക. പക്ഷെ വീട്ടിൽ ചെന്നാൽ അമ്മക്കു മനസ്സിലാവും ഞാൻ വയലിൽ നിന്നാണൂ വരുന്നതെന്നു. കാരണം എന്നെ നല്ല ചേറിന്റെ മണമായിരിക്കും. അങ്ങിനെ അമ്മയുടെ അടുത്തൂനു നല്ല പിടയും കൊണ്ടു മഴ ആസ്വതിക്കൻ പൊയ ഞാൻ കണ്ണീർമഴ പെയ്യിച്ച്‌, തേങ്ങലുകൾക്കിടക്കും അപ്പുറത്തെ ആരവങ്ങളിലേക്കു കാതു കൂർപ്പിച്ച്‌ കിടന്നുറങ്ങും.

സന്തോഷ്‌ സുബ്രഹ്മണ്യൻ